1971 ൽ ബംഗ്ലാദേശ് സംഘര്‍ഷഭരിതമായപ്പോൾ ഇന്ത്യ ഇടപെട്ടു, പുതിയ രാഷ്ട്രത്തിന് രൂപം നൽകി നേതൃത്വം നൽകിയത് ഇന്ദിര ഗാന്ധിയായിരുന്നു’: സന്ദീപ് വാര്യർ
അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പഴയ സുഹൃത്തുക്കൾ മെസേജ് അയച്ചു ചോദിക്കുന്നത് കോൺഗ്രസുകാരനായ താങ്കൾക്ക് ബംഗ്ലാദേശിലെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലേ എന്നാണെന്നും സന്ദീപ് വാര്യർ ചോദിച്ചു. പറയേണ്ടത് ഞാനാണോ ? ചെയ്യേണ്ടത് കോൺഗ്രസ് പാർട്ടിയാണോ?
1971 ൽ സമാനമായ അവസ്ഥ വന്നപ്പോൾ ഇന്ത്യ ഇടപെടുകയും ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രത്തിന് രൂപം നൽകുകയും ചെയ്തിരുന്നു. അന്നതിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ എല്ലാവരും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. എന്തുകൊണ്ട് അത്തരത്തിൽ ഒരു ഇടപെടൽ ഇന്നത്തെ കേന്ദ്രസർക്കാർ നടത്തുന്നില്ല എന്നല്ലേ ചോദിക്കേണ്ട ചോദ്യമെന്നും സന്ദീപ് വാര്യർ കുറിച്ചു.
അതേസമയം പദവി സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെ സന്ദീപ് വാര്യര്‍ എഐസിസി ആസ്ഥാനത്ത് എത്തി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലും ദീപ ദാസ് മുന്‍ഷിയുമായും സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തി.
ദേശീയ നേതൃത്വത്തെ കാണാന്‍ എത്തിയതാണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ഏത് പദവി നല്‍കിയാലും പ്രവര്‍ത്തിക്കും. എന്തെങ്കിലും ഉപാധിവെച്ചല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സന്ദീപ് വാര്യറിന്റെ പദവി സംബന്ധിച്ച് ചര്‍ച്ച നടന്നില്ലെന്ന് ദീപ ദാസ് മുന്‍ഷി പറഞ്ഞു.