ദിലീപിന്‍റെ ശബരിമല ദർശനം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്, വിശദ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും
പത്തനംതിട്ട:നടൻ ദിലീപിൻ്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കൈമാറി. ദേവസ്വം വിജിലന്‍സ് എസ്‍പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് ഹൈകോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞു.
ശബരിമലയിലെ വിഐപി ദര്‍ശനത്തിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം സമർപ്പിക്കാനു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിലീപിൻ്റെ സന്ദർശനത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലൻസ് എസ്പിയാണ് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നൽകിയത്.
രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ ഭക്തർ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തർക്ക് ദർശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുൻ ഉത്തരവുകൾക്ക് വിരുദ്ധമായിട്ടാണ് വിഐപി ദർശനം നടത്തിയത് എന്നും പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോർഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോർഡിൻ്റെ മറുപടി. ഇത് സ്പെഷൽ സെക്യൂരിറ്റി സോൺ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദർശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.
ഹരിവരാസനം പാടുന്ന സമയം മുഴുവൻ അവിടെ നിൽക്കാൻ ദിലീപിന് എങ്ങനെ അനുമതി കിട്ടിയെന്ന് കോടതി ചോദിച്ചു. കുട്ടികൾ അടക്കമുളളവർക്ക് ദർശനം നടത്താൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നില്ലേ. ദിലീപിന് സ്പെഷൽ ട്രീറ്റ് മെന്‍റ് എങ്ങനെ കിട്ടി? ജില്ലാ ജഡ്ജിമാർ അടക്കമുളളവരെ അവിടെ ഈ സമയം കണ്ടല്ലോയെന്നും കോടതി ചോദിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നാളെ തന്നെ കോടതിക്ക് കൈമാറുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. നിലവിൽ സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്നാണ് ബോർഡിന്‍റെയും പൊലീസിന്റെയും നിർദ്ദേശമെന്നമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നേരത്തെ വ്യക്തമാക്കിയത്.