നാടിന്റെ താല്പര്യം സംരക്ഷിക്കും; ഒരു തരത്തിലുള്ള ആശങ്കയും വേണ്ട’; സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ പ്രതികരണവുമായി പി രാജീവ്
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. നഷ്ടപരിഹാരമല്ല നല്‍കുന്നതെന്നും 84 ശതമാനം ഇക്വിറ്റിയില്‍ മൂല്യം കണക്കാക്കി നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് അധിക ബാധ്യതയില്ലാതെ എങ്ങനെ നല്‍കാനാകുമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുതാര്യമായ രീതിയില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കും. കമ്പനി നിയമങ്ങള്‍ പരിശോധിച്ച് നോക്കുക. എന്നിട്ടും വീഴ്ച കണ്ടെത്തുകയാണേല്‍ മുന്നോട്ട് വരുക. കരാര്‍ വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ഉണ്ടാകില്ല. സര്‍ക്കാരിന് ചെലവായ പണമുണ്ടെങ്കില്‍ അത് ഈടാക്കാനേ പറ്റു.ഭൂമി എത്രയും വേഗം ഏറ്റെടുക്കുകയാണ് ലക്ഷ്യം. ബാജു ജോര്‍ജ് കരാറില്‍ ഒപ്പിട്ടിട്ടില്ല.വിഷയം അറിയാവുന്ന ആളെന്നനിലയില്‍ ഉള്‍പ്പെടുത്തിയതാകാം – പി രാജീവ് പറഞ്ഞു. ടീകോമുമായി ധാരണയെത്തിയെന്നും 84 ശതമാനം ഓഹരിക്ക് തുല്യമായ കുറഞ്ഞ തുക നല്‍കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.പരമാവധി കുറഞ്ഞ തുക നല്‍കാനാണ് ശ്രമിക്കുന്നത്. തര്‍ക്കത്തിലേക്ക് പോയാല്‍ ഭൂമി അങ്ങനെ കിടക്കും. ഒരു തരത്തിലുള്ള ആശങ്കയും വേണ്ട – പിരാജീവ് വ്യക്തമാക്കി.
ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തിലായിരുന്നു. പദ്ധതിയില്‍ വീഴ്ച വരുത്തിയാല്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് കരാറില്‍ വ്യവസ്ഥയുളളപ്പോഴാണ് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭയുടെ തീരുമാനം. ഭൂമി തിരിച്ചെടുക്കുന്നതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
2007ല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. കരാറിലെ 7,2,2 വ്യവസ്ഥ പ്രകാരം ഉടമ്പടി പ്രകാരമുളള കെട്ടിട നിര്‍മ്മാണത്തിലും തൊഴിലവസര സൃഷ്ടിയിലും വീഴ്ച വരുത്തിയാല്‍ നഷ്ട പരിഹാരം ഈടാക്കാമെന്ന് പറയുന്നുണ്ട്. കരാറില്‍ കൃത്യമായ വ്യവസ്ഥയുളളപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയ ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാനുളള തീരുമാനമാണ് ഇന്നലെ മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്.