കിഴക്കേക്കോട്ട അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ബസ്സുകള്‍ക്കിടയില്‍പ്പെട്ട് ബാങ്ക് ജീവനക്കാരന് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കേരള ബാങ്ക് സീനിയര്‍ മാനേജറായ ഉല്ലാസ് മുഹമ്മദ് എന്ന 52 കാരനാണ് മരിച്ചത്.
അശ്രദ്ധമായ വാഹനമോടിച്ചു മരണം ഉണ്ടാക്കിയതിനാണ് കേസ്. കെഎസ്ആര്‍ടിസി ബസിന്റെയും സ്വകാര്യ ബസിന്റെയും ഡ്രൈവര്‍മാരാണ് കേസിലെ പ്രതികള്‍. ഉദാസീനമായി മനുഷ്യ ജീവന് ആപത്തുണ്ടാക്കുംവിധം ഇരു ഡ്രൈവര്‍മാരും വാഹനം ഓടിച്ചെന്നാണ് എഫ്‌ഐആര്‍.
ഉച്ചയ്ക്ക് 1.45 നാണ് സംഭവം. സീബ്രാ ലൈനിലൂടെ ക്രോസ് ചെയ്യാന്‍ ശ്രമിച്ച ഉല്ലാസ് മുഹമ്മദ് ബസ്സുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു. സിഗ്നല്‍ മാറിയ ഉടന്‍ കെഎസ്ആര്‍ടിസി ബസും കുറുകെ നിന്ന സ്വകാര്യ ബസ്സും ഒരുമിച്ച് മുന്നോട്ടെടുത്തതോടെയാണ് അപകടം ഉണ്ടായത്. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ അശ്രദ്ധ മരണകാരണമായി.
കൊല്ലം വാളത്തുങ്കല്‍ വെണ്‍പാലക്കര സ്വദേശിയാണ് മരിച്ച ഉല്ലാസ് മുഹമ്മദ്. ചാലാ ജുമുഅ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം മടങ്ങിവരും വഴിയായിരുന്നു അപകടം. കേരള ബാങ്ക് വികാസ് ഭവന്‍ ശാഖയിലെ സീനിയര്‍ മാനേജറാണ് ഉല്ലാസ്. കിഴക്കേകോട്ടയില്‍ സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസുകളും തമ്മിലുള്ള മത്സരം ജീവനെടുക്കുന്നത് ഇതാദ്യമല്ല.