CPIM സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും; സ്മാർട്ട് സിറ്റി വിഷയമടക്കം ചർച്ചയാകും
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കും. പാർട്ടി സമ്മേളനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും.
സ്മാർട്ട് സിറ്റി വിഷയമടക്കം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ചയാകും. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നൽകാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തിലായിരുന്നു. പദ്ധതിയിൽ വീഴ്ച വരുത്തിയാൽ ടീകോമിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് കരാറിൽ വ്യവസ്ഥയുളളപ്പോഴാണ് അങ്ങോട്ട് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭയുടെ തീരുമാനം. ഭൂമി തിരിച്ചെടുക്കുന്നതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
2007ൽ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ടീകോമും സംസ്ഥാന സർക്കാരും തമ്മിൽ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തത്.കരാറിലെ 7,2,2 വ്യവസ്ഥ പ്രകാരം ഉടമ്പടി പ്രകാരമുളള കെട്ടിട നിർമ്മാണത്തിലും തൊഴിലവസര സൃഷ്ടിയിലും വീഴ്ച വരുത്തിയാൽ നഷ്ട പരിഹാരം ഈടാക്കാമെന്ന് പറയുന്നുണ്ട്. നഷ്ടപരിഹാരം നൽകി ഭൂമി തിരിച്ചുപിടിക്കുന്നതിലും നഷ്ടപരിഹാരം നൽകുന്നതിലും അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.