NationalTop News

കർഷക പ്രതിഷേധം അരാജകമെന്ന് മുദ്രകുത്തിയ യോഗിയുടെ പരാമർശം; മാപ്പ് പറയണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

Spread the love

കർഷക പ്രതിഷേധത്തെ അരാജകമെന്ന് മുദ്രകുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്ന് സംയുക്ത കിസാൻ മോർച്ച. വിഷയത്തിൽ ജുഡീഷ്യറിയും രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് എസ്‌കെഎം ആവശ്യപ്പെട്ടു. ഭരണഘടനാപരമായി എല്ലാ പൗരന്മാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് എസ്‌കെഎം ഊന്നിപ്പറഞ്ഞു. ബ്രിട്ടീഷ് കൊളോണിയലിസത്തിനും ഫ്യൂഡലിസത്തിനുമെതിരെ 1857ലും 1947ലും നടന്ന സ്വാതന്ത്ര്യ സമരങ്ങളിലൂടെയാണ് ഇന്ത്യൻ ഭരണഘടന സ്ഥാപിക്കപ്പെട്ടത് മുഖ്യമന്ത്രിയെപ്പോലെ ഭരണഘടനാ പദവിയിലുള്ള ഒരാൾ കർഷകരുടെ പ്രതിഷേധത്തെ അരാജകത്വമായി തള്ളിക്കളയരുതെന്നും സംഘടന വ്യക്തമാക്കി.

അരാജകത്വം പരത്തുന്ന ആരെയും വെറുതെ വിടരുതെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ ചിലവ് കുറ്റവാളികളില്‍ നിന്ന് ഈടാക്കണമെന്നും ഇക്കഴിഞ്ഞ ബുധനാഴ്ച യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ഡൽഹിയിലേക്ക് ഇന്ന് കർഷകർ കാൽനട മാർച്ച് നടത്തും. പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച്.

ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കർഷക റാലി മുൻനിർത്തി ഹരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പിന്മാറാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധ മാർച്ചുമായി മുന്നോട്ടുപോകുമെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കുന്നത്.