‘ആരോഗ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല’; ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സർക്കാരിനെതിരെ കുടുംബം
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര അംഗവൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സര്‍ക്കാരിനെതിരെ കുടുംബം. തുടർ ചികിത്സ സംബന്ധിച്ച് തീരുമാനം ആകാത്തതിനാൽ സമരത്തിലേക്ക് നീങ്ങുമെന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ആരോഗ്യവകുപ്പിൽ നിന്നു യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞിന്‍റെ പിതാവ് അനീഷ് പറഞ്ഞു. തുടര്‍ നടപടികള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിൽ നിന്നും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
കുഞ്ഞിന്‍റെ തുടർ ചികിത്സ സംബന്ധിച്ച് ഒരു വിവരവും ഇല്ല. സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ദ സംഘം റിപ്പോർട്ട് നൽകിയോ ഇല്ലയോ എന്നു പോലും അറിയിച്ചിട്ടില്ല. ജോലിക്ക് പോലും പോകാത്ത കഴിയാത്ത സാഹചര്യമാണുള്ളത്. ഇനിയും സര്‍ക്കാര്‍ തീരുമാനം വൈകിയാൽ സമരത്തിലേക്ക് പോകേണ്ടിവരും. ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഡോക്ടര്‍മാരുടെ പേരിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
ആരോഗ്യ മന്ത്രി ആലപ്പുഴയിൽ വന്നിട്ട് പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഡോക്ടര്‍മാരുടെ സംഘടന വളരെ വലുതാണ്. അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സംരക്ഷണം നൽകാമെന്ന് പറഞ്ഞാൽ അത് നൽകണം. സര്‍ക്കാര്‍ ആശുപത്രിയിൽ നിന്നുണ്ടായ വീഴ്ചയാണ്. എന്നിട്ടും ഇക്കാര്യത്തിൽ ഇതുവരെ യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. കുടുംബം എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് ആരും ചിന്തിക്കുന്നില്ല. ഇത്രയും ദിവസമായിട്ടും ഒരു തീരുമാവും ആയില്ലെന്നും സമരത്തിലേക്ക് നീങ്ങുമെന്നും അനീഷ് പറഞ്ഞു.