KeralaTop News

9000 പേര്‍ക്ക് ജോലി ഉറപ്പു നല്‍കിയ ഒരു സംരംഭമാണ് അട്ടിമറിക്കപ്പെടുന്നത്’; ദുരൂഹതയെന്ന് വി ഡി സതീശൻ

Spread the love

തിരുവനന്തപുരം: ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കിയ ഒരു സംരംഭമാണ് അട്ടിമറിക്കപ്പെടുന്നത്. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് അതിന്റെ അര്‍ത്ഥം. 2016 ഫെബ്രുവരി 20-ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്. അഞ്ച് വര്‍ഷം കൊണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐ.ടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും സര്‍ക്കാര്‍ അവിടെ എന്താണ് ചെയ്തത്. അവിടെ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോയെന്നും അദ്ദേഹം ചോദിച്ചു.

എട്ടു വര്‍ഷത്തിനു ശേഷം ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ ദുരൂഹതകളുണ്ട്. കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുള്ള ഗൂഡ നീക്കമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ബഹിഷ്‌ക്കരിച്ചവരാണ് എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നത്. ഇതിന് പിന്നില്‍ ഗൂഢനീക്കങ്ങളും അഴിമതിയുമുണ്ട്. 2011-ല്‍ എഗ്രിമെന്റ് വച്ചത് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തല്ലേ? എഗ്രിമെന്റ് വച്ചവര്‍ തന്നെയാണ് 13 വര്‍ഷം കഴിഞ്ഞപ്പോള്‍ ടീകോം ഒന്നും ചെയ്തില്ലെന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.