Top NewsWorld

‘മുഹമ്മദ് യൂനുസ് വംശഹത്യക്ക് നേതൃത്വം നൽകുന്നു’; കടുത്ത ആരോപണവുമായി ഹസീന, ഇടവേളക്ക് ശേഷം പൊതുവേദിയിൽ

Spread the love

ന്യൂയോർക്ക്: അധികാരത്തിൽ നിന്ന് പുറത്തായ ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലാണ് ഷെയ്ഖ് ഹസീന സംസാരിച്ചത്. ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ ഹസീന കടുത്ത വിമർശനമുയർത്തി. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു. പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ഹസീന ആരോപിച്ചു.

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് ഓഗസ്റ്റിൽ രാജിവച്ച് ഇന്ത്യയിൽ അഭയം പ്രാപിച്ച ശേഷം ഷെയ്ഖ് ഹസീനയുടെ ആദ്യ പൊതു പ്രസംഗമായിരുന്നു ഇത്. സായുധരായ പ്രതിഷേധക്കാരെ ഗണഭനിലേക്ക് അയക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. സെക്യൂരിറ്റി ഗാർഡുകൾ വെടിയുതിർത്താൽ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു. ഞാൻ ഗാർഡുകളോട് വെടിവെക്കരുതെന്ന് പറഞ്ഞു. ഇന്ന്, എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർത്ഥത്തിൽ, യൂനുസ് വംശഹത്യയിൽ ഏർപ്പെട്ടിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് അവർ അത് നടപ്പാക്കുന്നത്. വംശഹത്യയ്ക്ക് പിന്നിൽ വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരും യൂനുസുമാണെന്നും അവർ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ നിലവിലെ ഭരണം പരാജയമാണ്. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് നേരെ അക്രമം വർധിക്കുന്നു. പതിനൊന്ന് ക്രിസ്ത്യന്‍ പള്ളികൾ തകർക്കപ്പെട്ടു. ക്ഷേത്രങ്ങളും ബുദ്ധ ആരാധനാലയങ്ങളും തകർത്തു. ഹിന്ദുക്കൾ പ്രതിഷേധിച്ചപ്പോൾ ഇസ്‌കോൺ നേതാവിനെ അറസ്റ്റ് ചെയ്തു. എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ പീഡനം? എന്തിനാണ് അവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതെന്നും ഹസീന ചോദിച്ചു.