KeralaTop News

ശ്രീ അയ്യപ്പ നഴ്‌സിങ് കോളജ് അനുവദിക്കാന്‍ നടത്തിയത് വഴിവിട്ട നീക്കങ്ങള്‍; നഴ്‌സിങ് കൗണ്‍സില്‍ പരിശോധനയ്ക്ക് ശേഷം നല്‍കിയത് അടിമുടി വ്യാജ കണക്കുകള്‍

Spread the love

മെരിറ്റ് മറികടന്ന് അഡ്മിഷന്‍ നടത്തിയ വടശ്ശേരിക്കര ശ്രീ അയ്യപ്പാ കൊളേജിന് വേണ്ടി നഴ്സിംഗ് കൊളേജ് അനുവദിക്കാന്‍ നടത്തിയത് വഴിവിട്ട നീക്കങ്ങള്‍. നെഴ്സിംഗ് കൗണ്‍സില്‍ പരിശോധന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ വ്യാജമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിയമ വിരുദ്ധമായി മെഡിക്കല്‍ കൊളേജെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.

ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശ്രീ അയ്യപ്പ എന്ന പേരില്‍ ഒരു മെഡിക്കല്‍ കൊളേജ് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ നേരിട്ട് വടശ്ശേരിക്കരയില്‍ എത്തിയപ്പോള്‍ കണ്ടത് ശ്രീ അയ്യപ്പ മെഡിക്കല്‍ കൊളേജ് എന്ന പേരിലുള്ള സ്ഥാപനമാണ്. മെഡിക്കല്‍ കോളേജ് എന്ന് സ്വന്തം നിലയില്‍ ശ്രീ അയ്യപ്പ നിയമവിരുദ്ധമായി ഉപയോഗിക്കുകയാണ്.

ശ്രീ അയ്യപ്പ എന്ന സ്ഥാപനത്തിന് നെഴ്സിംഗ് കൊളേജ് അനുവദിച്ച് കിട്ടുന്നത് ഈ വര്‍ഷമാണ്. ഇവിടെ ബിഎസ് സി നഴ്സിംഗ് സീറ്റ് അനുവദിക്കാന്‍ നടത്തിയ പരിശോധന കഴിഞ്ഞ സെപ്ടംബര്‍ 9 നാണ് നടന്നത്. അന്ന് കണ്ടെത്തിയത് സ്ഥാപനത്തില്‍ 300 കിടക്കകളില്‍ 141 രോഗികള്‍ ഉണ്ടെന്നാണ്. ഒപ്പം സെപ്ടംബറില്‍ ഒരു പ്രസവം നടന്നു എന്നും കണ്ടെത്തി.. ആകെ കിടക്കകളുടെ 75 ശതമാനം രോഗികള്‍ വേണമെന്ന നിബന്ധനയും, മാസം 100 പ്രസവം നടക്കണമെന്ന നിബന്ധനയും പാലിക്കപ്പെടാതെയാണ് നെഴ്സിംഗ് കൊളേജ് അനുവദിച്ചത്.

തൊട്ടടുത്ത മാസം ഒക്ടോബര്‍ 16 ന് ജനറല്‍ നെഴ്സിംഗ് അനുവദിക്കാന്‍ വീണ്ടും നെഴ്സിംഗ് കൗണ്‍സില്‍ പരിശോധന നടത്തി. അന്ന് രോഗികളുടെ എണ്ണം 255 ആയി ഉയര്‍ന്നു. ഒപ്പം ഒക്ടോബര്‍ മാസത്തെ പ്രസവം 5 നോര്‍മല്‍ പ്രസവം ഉള്‍പ്പെടെ ആകെ 20 ആയി ഉയര്‍ന്നു.

ഒരു മാസത്തിനിടയില്‍ പ്രസവ കണക്കിലെ വര്‍ധന പരിശോധിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സിസ്റ്റം ഡേറ്റ വീണ്ടും പരിശോധിച്ചു. 20 പ്രസവം നടന്നെന്ന് നഴ്‌സിംഗ് കൗണ്‍സില്‍ കണ്ടെത്തിയ ഒക്ടോബറില്‍ പ്രസവങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഏഴ് മാസത്തില്‍ ആകെ നടന്നത് 4 പ്രസവങ്ങള്‍ മാത്രമാണ്.ആശുപത്രിയില്‍ നേരിട്ട് പരിശോധന നടത്തിയ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ തന്നെ വകുപ്പിനെ കബളിപ്പിച്ച് സ്വകാര്യ മാനേജ്മെന്റിനായി വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി എന്ന് ചുരുക്കം.