എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇന്ധനം ചോര്‍ന്നു; ഡീസല്‍ ഓടകളില്‍ പരന്നൊഴുകി; പ്രതിഷേധിച്ച് നാട്ടുകാര്‍
കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇന്ധനം ചോര്‍ന്നു. പ്രദേശത്തെ ഓടകളില്‍ ഇപ്പോള്‍ ഇന്ധനം പരന്നൊഴുകുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. പ്രശ്‌നം പൂര്‍ണതോതില്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ പ്രതികരിച്ചു.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്ധനം ഒഴുകിപ്പരന്നയിടത്തുനിന്ന് ഇപ്പോഴും ഇന്ധനം എടുത്തുമാറ്റി വരികയാണ്. 600 ലിറ്റര്‍ ഡീസല്‍ ചോര്‍ന്നെന്നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കണക്ക്. നാട്ടുകാരും ബാരലില്‍ ഇന്ധനം ശേഖരിക്കുന്നുണ്ട്.
ജലാശയത്തിന്റെ മീനുകള്‍ ഉള്‍പ്പെടെ ചാകുന്നുണ്ടെന്നാണ് നാട്ടുകാര്‍ ട്വന്റിഫോറിനോട് പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിലേക്ക് മാര്‍ച്ച് നടത്തി. മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ ഫോഴ്‌സും പൊലീസുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.