NationalTop News

സസ്‌പെന്‍സിനൊടുവില്‍ ക്ലൈമാക്‌സ്; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് ഇന്ന് അധികാരത്തിലേറും

Spread the love

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് ഏകനാഥ് ശിന്‍ഡെ , എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. മുന്നണിക്കുള്ളിലെ വകുപ്പ് വിഭജനം എങ്ങനെയെന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ആയിട്ടില്ല.

ബിജെപിക്ക് 21 മന്ത്രിമാര്‍ തന്നെയുണ്ടാവും. 12 മന്ത്രി സ്ഥാനം ശിന്‍ഡെ വിഭാത്തിനും 10 എണ്ണം എന്‍സിപിക്കും കിട്ടുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കുമൊപ്പം 20 മന്ത്രിമാര്‍ കൂടി സത്യപ്രതിഞ്ജ ചെയ്‌തേക്കും. തകര്‍പ്പന്‍ ജയമാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിന്റേത്. 288 അംഗ നിയമസഭയില്‍ 220 ഓളം സീറ്റുകളില്‍ വിജയം. ബിജെപിക്ക് തനിച്ച് 125 ലേറെ സീറ്റ്. ബിജെപി സഖ്യത്തിനാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് ലഭിച്ചത്.

ആര്‍എസ്എസിലൂടെയാണ് ഫഡ്‌നാവിന് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിലെ മേയര്‍ സ്ഥാനത്തെത്തുമ്പോള്‍ പ്രായം 27. 2014-ല്‍ മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി. 2019-ല്‍ ശിവസേന തെറ്റിപ്പിരിഞ്ഞപ്പോള്‍, എന്‍സിപിയെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കി. പക്ഷേ,അഞ്ചു ദിവസത്തിനുള്ളില്‍ രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പിണങ്ങി നിന്ന ഷിന്‍ഡെയെ അനുനയിപ്പിച്ച് കൃത്യമായ പ്ലാനിങോടെയാണ് ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്.