20 ഓവറില്‍ 349 റണ്‍സ്, ടി20 ക്രിക്കറ്റിൽ റെക്കോഡ് നേട്ടവുമായി ബറോഡ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെക്കോഡ് നേട്ടവുമായി ബറോഡ ക്രിക്കറ്റ്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബറോഡ സ്വന്തമാക്കിയത്. 51 പന്തില്‍ 15 സിക്സറുകളടക്കം 134 റണ്‍സ് നേടിയ ഭാനു പാനിയ ടോപ് സ്‌കോററായി. സിക്കിമിനെതിരായ മത്സരത്തില്‍ ബറോഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 349 റണ്‍സ് നേടി.
ഈ വര്‍ഷം ആദ്യം ഗാംബിയയ്ക്കെതിരെ 344-4 എന്ന സ്‌കോര്‍ നേടിയ സിംബാബ്വെയുടെ പേരിലായിരുന്നു ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ്. ക്രീസിലെത്തിയ ഓരോ ബാറ്റര്‍മാരും നിര്‍ണായക സംഭാവന നല്‍കി. ശാശ്വത് റാവത്ത് (16 പന്തില്‍ 43), അഭിമന്യൂ സിംഗ് (17 പന്തില്‍ 52), ശിവാലിക്ക് ശര്‍മ (17 പന്തില്‍ 55), വിഷ്ണു സോളങ്കി (16 പന്തില്‍ 50) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ബറോഡ ഇന്നിംഗ്സില്‍ 37 സിക്സറുകള്‍ നേടി.
ഒരു ടി20 ഇന്നിംഗ്സിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോര്‍ഡ് ഇതോടെ ബറോഡയുടെ അക്കൗണ്ടിലായി. ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ 50+ സ്‌കോര്‍ എന്ന റെക്കോര്‍ഡ് സിംബാബ്‌വെയ്‌ക്കൊപ്പം പങ്കിടാന്‍ ബറോഡയ്ക്കായി. സിക്കിമിനെതിരെ ബറോഡയുടെ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറികള്‍ നേടി.