നടൻ മൻസൂർ അലി ഖാന്റെ മകൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി; മെഡിക്കൽ റിപ്പോർട്ട് പുറത്ത്
കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തത്തലിൽ അറസ്റ്റിലായ നടൻ മൻസൂർ അലി ഖാന്റെ മകൻ അലി ഖാൻ തുഗ്ലക്ക് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. കഞ്ചാവ് ഉപയോഗം സ്ഥിരീകരിക്കുന്ന വൈദ്യപരിശോധന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. അലി ഖാൻ തുഗ്ലക്കിന്റെ ഫോണിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായും തിരുമംഗലം പൊലീസ് പറയുന്നു. കഞ്ചാവ് കടത്തിൽ പ്രതികളായിട്ടുള്ളവരുടെ നമ്പരും അലി ഖാൻ തുഗ്ലക്കിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മധുരൈ തിരുമംഗലം പൊലീസ് അലി ഖാൻ തുഗ്ലക്കിനെ പിടികൂടിയത്. കഴിഞ്ഞയാഴ്ച കഞ്ചാവുമായി പിടിയിലായ 10 കോളജ് വിദ്യാർത്ഥികളിൽ നിന്നാണ് അലി ഖാൻ തുഗ്ലക്കിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
സെൽഫോൺ ആപ്പ് വഴിയായിരുന്നു വിദ്യാർത്ഥികൾ കഞ്ചാവ് വാങ്ങിച്ചിരുന്നത്. കഞ്ചാവിന് പുറമെ മെത്താംഫെറ്റാമിൻ ഇനം മയക്കുമരുന്നും വിൽപന നടത്തിയിരുന്നു. അന്വേഷണത്തിൽ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികൾക്ക് വിൽക്കുകയാണ് പതിവ്.