KeralaTop News

എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്‌ത രാഹുലിന് നീല ട്രോളി ബാഗ് സമ്മാനം നൽകി സ്പീക്കർ

Spread the love

എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്‌ത രാഹുലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ എൻ ഷംസീർ. ട്രോളി ബാഗ് എംഎൽഎ ഹോസ്റ്റലിലേക്ക് സ്‌പീക്കർ കൊടുത്തയച്ചു. എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹൂൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനും സ്പീക്കർ പ്രത്യേക ഉപഹാരം നൽകി.

എം എൽ എ ഹോസ്റ്റലിൽ ഇരുവരെയും പ്രതീക്ഷിച്ചിരിക്കുകയാണ് സ്പീക്കറുടെ വക നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറെ വിവാദമായിരുന്നു നീല ട്രോളി ബാഗ് വിഷയം.

നിറഞ്ഞ സദസ്സിലായിരുന്നു ഇരു എംഎൽഎമാരുടെയും സത്യപ്രതിജ്ഞ. യുആർ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിൻറെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ എംഎൽഎയാകുന്നത്. രണ്ടാം തവണയാണ് യുആർ പ്രദീപ് എംഎൽഎയാകുന്നത്.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലാണ് ഇരുവരും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും നേതാക്കളും ചടങ്ങിൽ പങ്കെടുക്കു. യുആർ പ്രദീപിൻറെ ഭാര്യയും മക്കളും രാഹുലിൻറെ അമ്മയും സഹോദരിയുമെല്ലാം ചടങ്ങ് കാണാനെത്തിയിരുന്നു.

രാവിലെ കോൺഗ്രസ് പ്രവർത്തകസമിതിയംഗം എകെ ആൻറണിയെ കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ അനുഗ്രഹം വാങ്ങിയാണ് നിയമസഭയിലേക്ക് എത്തിയത്. പാളയം യുദ്ധസ്മാരകത്തിൽ നിന്ന് യൂത്തുകോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജാഥയായാണ് സഭാ മന്ദിരത്തിലെത്തിയത്. പാലക്കാടൻ വിജയത്തിന് ചുക്കാൻ പിടിച്ച എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനുമെല്ലാം രാഹുലിനൊപ്പമുണ്ടായിരുന്നു.