നഴ്സിംഗ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിക്കാൻ നടത്തിയത് വൻ ഗൂഢാലോചന; ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ല
കൊട്ടാരക്കര വാളകം മേഴ്സി കോളേജിൽ നഴ്സിംഗ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിക്കാൻ നടത്തിയത് വൻ ഗൂഢാലോചന എന്ന സൂചന. മാനേജ്മെന്റ് അഡ്മിഷൻ നടത്തിയത് തെളിഞ്ഞിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ല.
സ്വകാര്യ നഴ്സിംഗ് മാനേജ്മെൻ്റായ മേഴ്സി കൊളേജിൽ 30 ബിഎസ്‌സി നഴ്സിംഗ് സീറ്റ് അനുവദിക്കാൻ നടത്തിയത് നീക്കം ദുരൂഹമാണ്. നവംബർ 30 ന് നഴ്സിങ് അഡ്മിഷൻ അവസാനിക്കാൻ ഇരിക്കെ 27 ന് രാത്രിയാണ് നഴ്സിംഗ് കൗൺസിൽ സീറ്റ് അനുവദിച്ചത്. ഇതിൽ 15 സീറ്റിൽ അഡ്മിഷൻ നടത്തേണ്ടത് മെരിറ്റിൽ നിന്നാണ്. ഇതിനായി സർക്കാർ എൽബിഎസിന് നിർദ്ദേശം നൽകണം. നഴ്സിങ് അഡ്മിഷൻ അവസാനിച്ച 30 ന് ശേഷവും എൽബിഎസിന് അറിയിപ്പ് ലഭിച്ചില്ല.
മാനേജ്മെൻറ് മുഴുവൻ സീറ്റിലും സ്വന്തം നിലയിൽ അഡ്മിഷൻ നടത്താൻ അധികൃതർ സൗകര്യമൊരുക്കി നൽകി. അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യുയും മുസ്ലീം ലീഗും രംഗത്തെത്തി. കൂടാതെ വടശ്ശേരിക്കര ശ്രീ അയ്യപ്പ കൊളേജിൽ മുഴുവൻ സീറ്റിലും മെരിറ്റിൽ അഡ്മിഷൻ നടത്താനായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഫീസ് റെഗുലേറ്ററി കമ്മിറ്റി ഈ നിർദ്ദേദേശം അട്ടിമറിച്ച് 22 സീറ്റ് മാനേജ്മെന്റിന് നൽകിയിരുന്നു. യുഡിഎഫ് യോഗം ചേർന്ന് അന്വേഷണം ആവശ്യപ്പെടുമെന്ന് എം കെ മുനീർ പറഞ്ഞു.