‘ഏകാധിപത്യത്തിന്റെ ബാരിക്കേഡുകൾക്ക് സത്യത്തിന്റെയും നീതിയുടെയും പ്രയാണത്തെ തടയാനാവില്ല’; കെ സുധാകരൻ
ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കിയതിൽ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഏകാധിപത്യത്തിന്റെ ബാരിക്കേഡുകൾക്ക് സത്യത്തിന്റെയും നീതിയുടെയും പ്രയാണത്തെ തടയാനാവില്ലെന്ന് കെ സുധാകരൻ പറഞ്ഞു. സംഘർഷഭൂമിയായ ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ എത്തിയ പ്രതിനിധിസംഘത്തെ ഗാസിയാബാദിൽ ജനാധിപത്യ വിരുദ്ധമായി തടഞ്ഞ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ വിലക്കിയത് അവകാശലംഘനമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് പ്രദേശം സന്ദര്‍ശിക്കാനൊരുങ്ങിയതെന്നും അത് തന്റെ ഭരണഘടനാ അവകാശമാണെന്നും രാഹുല്‍ പ്രതികരിച്ചു. പൊലീസ് തടഞ്ഞ ഡൽഹി- യുപി അതിർത്തിയിൽ കാറിന് മുകളില്‍ കയറിയിരുന്ന് ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
ഞാന്‍ ഒറ്റയ്ക്ക് പോവാന്‍ തയ്യാറായിരുന്നു. പൊലീസിനൊപ്പം പോവാനും തയ്യാറായിരുന്നു. പക്ഷേ, അതൊന്നും അവര്‍ അംഗീകരിച്ചില്ല. കുറച്ച് ദിവസം കഴിഞ്ഞ് വന്നാല്‍ വിടാമെന്നാണ് പൊലീസ് പറയുന്നത്. ഞങ്ങള്‍ക്ക് സംഭലില്‍ പോവേണ്ടതുണ്ടായിരുന്നു. എവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണം. അവിടുത്തെ ജനങ്ങളെ കാണണം. എന്റെ ഭരണഘടനാ അവകാശം എനിക്ക് അനുവദിച്ച് തന്നില്ല. ഇതാണ് പുതിയ ഇന്ത്യ’- രാഹുല്‍ പ്രതികരിച്ചു.