KeralaTop News

‘ഒരു കുഞ്ഞ് ഉടുപ്പ് ഉയര്‍ത്തി എന്നെ കാണിച്ചുതന്നു, തുടയാകെ തല്ലിയ മുറിവുകള്‍, എന്റെ ഹൃദയം തകര്‍ന്നുപോയി’; ശിശുക്ഷേമ സമിതി മുന്‍ ആയ

Spread the love

തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കെതിരെ മുന്‍ ജീവനക്കാരി. ആയമാര്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് സ്ഥിരം സംഭവമെന്നാണ് വെളിപ്പെടുത്തല്‍. രണ്ടര വയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂര പീഡനം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്‍ ജീവനക്കാരിയുടെ പ്രതികരണം. ആയമാര്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് സ്ഥിരം സംഭവമാണ്. ആയകള്‍ മാത്രമാണ് ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍. ഇത്തരം സംഭവങ്ങള്‍ കണ്ട് താന്‍ പ്രതികരിച്ചിട്ടുണ്ട്. കുളിമുറിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് കുഞ്ഞുങ്ങളെ ആയമാര്‍ ഉപദ്രവിക്കാറുണ്ട്. ചീപ്പ് കൊണ്ട് ഒരു കുഞ്ഞിന്റെ തുട അടിച്ചുപൊട്ടിച്ചത് കണ്ടിട്ടുണ്ട്. താന്‍ ശക്തമായി ഇതിനെതിരെ പ്രതികരിച്ചുവെന്നും മുന്‍ ആയ പറഞ്ഞു.

ചില ആയമാരെ കാണുന്നത് തന്നെ കുഞ്ഞുങ്ങള്‍ക്ക് പേടിയാണെന്ന് മുന്‍ ആയ വെളിപ്പെടുത്തി. ഇതൊക്കെ പറ്റാത്തതുകൊണ്ടാണ് ജോലി വിട്ടത്. സൂപ്രണ്ട് കൃത്യമായി എല്ലാ സ്ഥലത്തും നിരീക്ഷിച്ചാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ എന്നും മുന്‍ ആയ പറഞ്ഞു.

നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന എല്ലാ ആയമാര്‍ക്കും കൗണ്‍സിലിങ് നല്‍കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.
ഇവരുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്താന്‍ ഇടവേളകളില്‍ കൗണ്‍സിലിങ്ങും പരിശീലനവും നല്‍കാനാണ് ആലോചന.പുതിയ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ അവരുടെ കുടുംബ പശ്ചാത്തലവും പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിശുക്ഷേമ സമിതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജലപീരങ്കി പ്രയോഗത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റി.കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ മൂന്നു പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.ഇവര്‍ക്ക് വേണ്ടി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. അതേ സമയം സംഭവത്തില്‍ ബാലവകാശ കമ്മിഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അന്വേഷിച്ചു മറുപടി നല്‍കണമെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്കും, ശിശു സംരക്ഷണ സമിതിക്കും നല്‍കിയ നിര്‍ദേശം.