KeralaTop News

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love

സംസ്ഥാനത്ത് ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ ഇന്ന് കൂടി ലഭിക്കും. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുതൽ തുടരുന്ന മഴയിൽ കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ബന്ദിയോടിൽ 2 വീടുകളിൽ വെള്ളം കയറിയതിനാൽ 12 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. ഉപ്പള റെയിൽവേ ഗേറ്റിന് സമീപം അഞ്ചു വീടുകളിൽ വെള്ളം കയറി. വീടുകളിലെ ഫർണിച്ചർ ഉൾപ്പെടെ നശിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പൊസോട്ട് സ്വദേശി ബി എം സാബിറിന്റെ വീടാണ് തകർന്നത്. ജില്ലയിലെ മലയോര മേഖലയിലും മഴ ശക്തമാണ്. മടിക്കൈ എരിക്കുളം വയലിൽ വെള്ളം കയറിയതിനാൽ പച്ചക്കറി കൃഷി നശിച്ചു. കാഞ്ഞങ്ങാട് തട്ടുമ്മൽ പൊടവടുക്കത്ത് ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു. കോഴിക്കോട് ജില്ലയിൽ നല്ലളം മുണ്ടേപ്പാടത്ത് പത്തോളം വീടുകളിൽ വെള്ളം കയറി. നല്ലളം എയുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

അതേസമയം, മഴ കുറഞ്ഞെങ്കിലും തമിഴ്നാടിന്റെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും രൂക്ഷമായ വെള്ളക്കെട്ടാണ്. വിഴുപ്പുറം, തിരുവണ്ണാമലൈ, കടലൂർ ജില്ലകളിലാണ് മഴ ഏറ്റവുമധികം ബാധിച്ചത്. മഴപെയ്ത്തിൽ 21 ജീവനുകൾ പൊലിഞ്ഞു. ഒന്നരക്കോടി ജനങ്ങളെയാണ് ഫിൻജാൽ ബാധിച്ചത്.

രണ്ട് ലക്ഷത്തിപതിനൊന്നായിരത്തിൽ അധികം ഹെക്റ്റർ കൃഷി ഭൂമിയാണ് വെള്ളം കയറി നശിച്ചത്. വൈദ്യുതി ബോർഡിനും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട് പഞ്ചായത്ത് കെട്ടിടങ്ങൾ അംഗനവാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കും നാശനഷ്ടം ഉണ്ടായി. വിഴുപ്പുറത്തും തിരുവണ്ണാമലൈയിലും ക്യാമ്പിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങാൻ ആഴ്ചകളെടുക്കും. നിരവിധി പോസ്റ്റുകൾ നിലംപതിച്ചതിനാൽ വൈദ്യുതി പൂർണമായി പുനസ്ഥാപിക്കാൻ ആയിട്ടില്ല. തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകും.മറ്റ് ദുരിതബാധിതർക്കുള്ള ധനസഹായം സർക്കാർ ഉടൻ പ്രഖ്യാപിക്കണെമന്ന ആവശ്യവും ശക്തമാവുകയാണ്.