ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യമില്ല
ബംഗ്ലാദേശിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യമില്ല. ഹാജരാകാൻ അഭിഭാഷകൻ ഇല്ലാത്തതിനെ തുടർന്നാണ് ജാമ്യം ലഭിക്കാത്തത്. ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സർക്കാർ ശക്തമായി എതിർക്കുകയും ചെയ്തതോടെ കേസ് പരിഗണിക്കുന്നത് ജനുവരി 2 ലേക്ക് മാറ്റി. ചിന്മയ് കൃഷ്ണദാസിന്റ അഭിഭാഷകൻ രമൺ റോയ്യെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചതായും, രമൺ റോയ് ഗുരുതരാവസ്ഥയിൽ ഐ സി യുവിൽ ആണെന്നും കൊൽക്കത്ത ഇസ്കോൺ അറിയിച്ചു.
ചിന്മയ് കൃഷ്ണദാസിന് അറസ്റ്റിനെതിരെ നടന്ന പ്രതിഷേധത്തിൽ അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫീസ് തകർക്കുകയും ദേശീയ പതാക നീക്കം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനും മറ്റ് ഡെപ്യൂട്ടി അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകൾക്കും സുരക്ഷ വർദ്ധിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി. ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ ബംഗ്ലാദേശ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധവും പ്രതിസന്ധിയിലാണ്.