ആലപ്പുഴ അപകടം; വാഹനത്തിലുണ്ടായിരുന്നത് 11 പേർ; വണ്ടി ഓവർലോഡ് ആയിരുന്നെന്ന് RTO
ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു. വണ്ടി ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ആർടിഒ പറഞ്ഞു. വണ്ടി ഓവർലോഡ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സെവൻ സീറ്റർ വാഹനമായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
2010 മോഡൽ ടവേരയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന് മുന്നിലേക്ക് എന്തോ വരുന്നത് കണ്ട് വെട്ടിച്ചുമാറ്റുകയായിരുന്നുവെന്ന് ആർടിഒയോട് ഡ്രൈവർ പറഞ്ഞു. എട്ടു പേർ മെഡിക്കൽ കോളജ് ആശുപത്രിയും മൂന്നു പേർ ജനറൽ ആശുപത്രിയിലും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അമിത വേഗതയായിരിക്കില്ല അപകടകാരണമെന്നും കാഴ്ചയുടെ പ്രശ്‌നമാണ് അപകട കാരണമെന്ന് കരുതുന്നതെന്ന് ആർടിഒ പറഞ്ഞു.
അപകടത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് മരിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾസംഭവസ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട യുവാക്കളെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. ഏഴു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. വൈറ്റിലയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് കാർ ഇടിച്ചത്.