ജി സുധാകരനോട് ഞങ്ങൾക്ക് പ്രത്യേക ആദരവും സ്നേഹവും ബഹുമാനവും മാത്രം’: വി ഡി സതീശൻ
സി.പി.എം. നേതാവ് ജി. സുധാകരനുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ സന്ദര്‍ശനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മന്ത്രിമാരില്‍ ഞാന്‍ വിമര്‍ശിക്കാത്ത ഒരാളായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്നപ്പോള്‍ നീതിപൂര്‍വ്വമായിട്ടാണ് പെരുമാറിയത്. ഒരുകാലത്തും അദ്ദേഹത്തെ പോലെ നീതിപൂര്‍വ്വമായി പൊതുമരാമത്ത് മന്ത്രിമാര്‍ പെരുമാറിയിട്ടില്ല.
അദ്ദേഹത്തോട് ഞങ്ങള്‍ക്ക് എല്ലാവര്ക്കും പ്രത്യേക ആദരവും സ്നേഹവും ബഹുമാനവുമുണ്ട്. കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്.അതിനപ്പുറത്തേക്കൊന്നും അതില്‍ ഒന്നുമില്ലെന്നും വി.ഡി. സതീശന് വ്യക്തമാക്കി. സി.പി.ഐ.എമ്മില്‍ നടക്കുന്ന കാര്യങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുകയാണ്. സി.പി.ഐഎമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്ന് നേരത്തേ പറഞ്ഞു.
സി.പി.ഐ.എം. തകര്‍ച്ചയിലേക്കാണ് പോകുന്നത്. ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തരമായ കാര്യമാണ്. താന്‍ അതിനേക്കുറിച്ച് പ്രതികരിക്കുന്നതില്‍ അനൗചിത്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിലേക്ക് വരാന്‍ ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത തെറ്റാണ്. ഒരുതരത്തിലുള്ള ചര്‍ച്ചയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.