പാർലമെന്‍റിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം; സമ്മേളനം തെക്കേയിന്ത്യയിലും നടത്തണമെന്ന് തിരുപ്പതി എംപി
ദില്ലി: അദാനി,സംഭല്‍, മണിപ്പൂർ വിഷയങ്ങളില്‍ പാർലമെന്‍റിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് ലോക് സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നല്‍കും.ബഹളം കാരണം, സമ്മേളനം തുടങ്ങിയ ശേഷം ഇതുവരെ ചോദ്യോത്തര വേളയടക്കം നടപടികളൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സമ്മേളനത്തോട് സഹകരിക്കാന്‍ ലോക് സഭ രാജ്യസഭ അധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങാന്‍ തയ്യാറല്ല.
ഇതിനിടെ, പാര്‍ലമെന്‍റ് സമ്മേളനം തെക്കേയിന്ത്യയിലും നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി എംപി മാഡില ഗുരുമൂര്‍ത്തി രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രിക്ക് കത്ത് നൽകി. വൈഎസ്ആര്‍സിപി എംപിയാണ് മാഡില ഗുരുമൂര്‍ത്തി. രാജ്യത്തിന്‍റെ ഐക്യത്തിനും അധികാര വികേന്ദ്രീകരണത്തിനും തെക്കേയിന്ത്യയിൽ സമ്മേളനം നടത്തുന്നത് സഹായിക്കുമെന്നും ദില്ലിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിർദേശം എന്നും എംപി കത്തിൽ പറയുന്നത്. ആവശ്യത്തെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ്സ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചു.
അതേസമയം,തമിഴ്നാട്ടിലെയും പുതുചേരിയിലെയും മഴയും വെള്ളപ്പൊക്കവും ലോക്സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.ഡിഎംകെ എംപി ടി ആർ ബാലു ആണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ പ്രളയത്തിൽ കേന്ദ്രം തമിഴ്നാടിനു സഹായം നൽകിയിരുന്നില്ല. ബിജെപി രഹസ്യബന്ധം എന്ന ആരോപണം നേരിടുന്ന സ്റ്റാലിൻ പാർലമെന്റിൽ മോദിക്കെതിരെ ആക്രമണം കടുപ്പിക്കാൻ നേരത്തെ നിർദേശം നൽയിരുന്നു