കണ്ണൂര്‍ കവര്‍ച്ച: വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കി; നിര്‍ണായകമായത് CCTV ദൃശ്യങ്ങള്‍
സംസ്ഥാനത്ത് വീട് കുത്തിത്തുറന്ന് നടത്തിയ ഏറ്റവും വലിയ കവര്‍ച്ചയാണിതെന്നും പൊലീസ് വ്യക്തമാക്കുന്നു. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. നവംബര്‍ 19 ന് രാവിലെ അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അഷ്‌റഫിന്റെ വീട് നിരന്തരം നിരീക്ഷിച്ചിരുന്ന ലിജീഷ് ഇതൊരു അവസരമായി ഉപയോഗിച്ചു. 20 തിയതി തന്നെ മോഷണം നടത്തുകയായിരുന്നു. 40 മിനുറ്റുകൊണ്ട് അതീവ ശ്രദ്ധയോടെയാണ് ലിജീഷ് ഇത്രയും പണവും സ്വര്‍ണവും കവര്‍ന്നത്. 21ന് അഷ്‌റഫിന്റെ വീട്ടില്‍ വീണ്ടുമെത്തി മറന്നു വെച്ച ആയുധം എടുക്കുകയും ചെയ്തു.
കണ്ണൂര്‍ വളപട്ടണത്തെ വന്‍ കവര്‍ച്ചയില്‍ പിടിയിലായ പ്രതി ലിജീഷ് മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടില്‍. വെല്‍ഡിങ് തൊഴിലാളിയായ ഇയാള്‍ കട്ടിലിന്റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കിയാണ് പണവും സ്വര്‍ണവും സൂക്ഷിച്ചതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കീച്ചേരി മോഷണ കേസിലും പ്രതിക്ക് പങ്കെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതായും കമ്മീഷണര്‍ വ്യക്തമാക്കി.
കേസില്‍ 75 പേരുടെ വിരലടയാളം ശേഖരിച്ചുവെന്നും 100 ഓളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നും പൊലീസ് അറിയിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായക സൂചന കിട്ടിയത്. സിസിടിവിയില്‍ പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഇതില്‍ ഒരു ക്യാമറ ലിജീഷ് തന്നെ തിരിച്ചു വച്ചിരുന്നു. അബദ്ധത്തില്‍ ക്യാമറ മുറിയിലേക്ക് ഫോക്കസ് ചെയ്യുന്ന രീതിയിലായി. ഈ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതാണ് നിര്‍ണായകമായത്. കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി. ഈ ഒരു കാര്യം പ്രത്യേകമായി ശ്രദ്ധിച്ചുകൊണ്ടാണ് അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ വിരലടയാളടവും മാച്ചായി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. വെല്‍ഡിങ് തൊഴിലാളിയായതിനാല്‍ ജനല്‍ എങ്ങനെ തകര്‍ക്കണമെന്നതില്‍ അടക്കം ഇയാള്‍ക്ക് നല്ല വൈദഗ്ധ്യം ഉണ്ടായിരുന്നുവെന്ന് കമ്മീഷണര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ആയുധങ്ങളും വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലീജിഷ് ആണെന്ന് വ്യക്തമായത്.