കരുവന്നൂർ കള്ളപ്പണ കേസ്; ‘പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല’; കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ കാരണങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി
കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഹൈക്കോടതി. പ്രതികൾക്ക് ജാമ്യം നൽകിയത് പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി. പ്രോസിക്യൂഷൻ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം.
പ്രതികൾ 14 മാസമായി റിമാൻഡിലാണ്. ബന്ധപ്പെട്ട കുറ്റങ്ങളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ലെന്ന് കോടിതി പറയുന്നു. അതിനാൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ അക്കൗണ്ടൻ്റ് സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിടക്കം ജാമ്യം നൽകിയ സുപ്രീംകോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ നടപടി. കർശന ഉപാധികളോടെയാണ് പി.ആർ.അരവിന്ദാക്ഷനും സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എതിർത്തെങ്കിലും, നിലവിൽ ജാമ്യം നിഷേധിക്കാൻ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. 2023 സെപ്റ്റംബർ 26നാണ് കരുവന്നൂർ കേസിൽ അരവിന്ദാക്ഷൻ അറസ്റ്റിലാകുന്നത്. എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വിൽപ്പന നടത്തിയിരുന്നു എന്നും ഇ.ഡി പറയുന്നു.