യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു
യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ് പിൻവലിച്ചത്. കോൺഗ്രസ് നേതാക്കളുടെ സമ്മദർദ്ദത്തിന്റെ ഭാഗമായാണ് ഹർജി പിൻവലിച്ചതെന്ന് സൂചന.
തന്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് വോട്ട് ചെയ്തെന്ന ആരോപണവുമായി ജുവൈസ് മുഹമ്മദ് രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 2011-2013 കാലത്ത് പായിപ്ര നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന ആളാണ് ജുവൈസ് മുഹമ്മദ്. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡൻ്റായ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ വോട്ടർ ഐഡി കാർഡുകൾ നിർമ്മിച്ചു എന്നായിരുന്നു കേസിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുവൈസ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിരുന്നു. രാഹുലിൻറെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാൻ ഉൾപ്പടെയുള്ളവരെ പ്രതിചേർത്തിരുന്നു.