തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടല്‍; ഏഴുപേര്‍ കുടുങ്ങികിടക്കുന്നതായി സംശയം
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടല്‍. കൂറ്റന്‍പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീണു. ഏഴുപേര്‍ കുടുങ്ങികിടക്കുന്നതായി സംശയമെന്ന് പൊലീസ്.
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കടന്നു പോയതിന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് തിരുവണ്ണാമല. തിരുവണ്ണാമലയിലെ അണ്ണാമലയാര്‍ കുന്നിന് താഴെ വിഒസി നഗറിലാണ് അപകടമുണ്ടായത്. രാവിലെ തന്നെ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന് ശേഷം കുറേ പേരെ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു. എന്നാല്‍ മാറാന്‍ തയാറാകാതെ ഒരുകൂട്ടം ആളുകള്‍ അവിടെ താമസിച്ചിരുന്നു. ഇതില്‍ ഏഴ് പേരെ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പരാതിയെ തുടര്‍ന്ന് തിരുവണ്ണാമല എസ്പി അടക്കം സ്ഥലത്തെത്തി. കാണാതായെന്ന് പറയപ്പെടുന്ന ഏഴ് പേര്‍ വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. രാജ് കുമാറും കുടുംബവും ആണ് അപകടത്തില്‍ പെട്ടത് എന്നാണ് വിവരം. എന്‍ഡിആര്‍എഫ് സംഘം എത്തി പരിശോധനയ്ക്ക് നടത്തി.