ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ കൂടുതല്‍ ഉദ്യോഗസ്ഥർ തലസ്ഥാന നഗരത്തില്‍
സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ സര്‍ക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തല്‍. ഇതില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ള തിരുവനന്തപുരം കോര്‍പറേഷന്‍ മേഖലിയിലാണ് തട്ടിപ്പുകാരും കൂടുതല്‍, 347 പേരാണ് കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ തട്ടിപ്പുകാര്‍. ഇവര്‍ 1.53 കോടിരൂപയാണ് ക്ഷേമപെന്‍ഷനില്‍ നിന്ന് തട്ടിയെടുത്തത്.
കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സര്‍ക്കാര്‍ തട്ടിപ്പുകാര്‍ കോഴിക്കോട് കോർപറേഷൻ പരിധിയിലുണ്ട്. കോര്‍പറേഷന്‍ മേഖലയില്‍ തട്ടിപ്പുകാര്‍ കുറവ് കൊച്ചി കോര്‍പറേഷനിലാണ്, 70 പേര്‍ മാത്രം. 185 സര്‍ക്കാര്‍ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും, 68 പേര്‍. പഞ്ചായത്ത് മേഖല പരിശോധിച്ചാല്‍ ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്. ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാര്‍ ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സര്‍ക്കാര്‍ മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവർ ഉള്‍പ്പെടെ 9201 പേര്‍ ചേര്‍ന്ന് 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
അതേസമയം, ക്ഷേമ പെൻഷൻ തട്ടിപ്പിൽ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തിൽ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും.സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും.ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും.സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യൽ ഓഡിറ്റിംഗിൻ്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്.
അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. പെൻഷൻ വിതരണത്തിനായി വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവ നിര്‍ബന്ധമാക്കുന്നതിനും ആലോചനയുണ്ട്. ക്ഷേമപെൻഷൻ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ സർക്കാർ ആലോചനയുണ്ട്. ഗുണഭോക്താക്കളുടെ അർഹത കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പിക്കാനാണ് തീരുമാനം.