KeralaTop News

പോരാട്ടം അമ്പതാം ദിവസം; വഖഫ് ഭൂമിക്കെതിരായ മുനമ്പംകാരുടെ സമരം തുടരുന്നു

Spread the love

ജനിച്ച മണ്ണിൽ അന്തസോടെ ജീവിക്കാനുള്ള മുനമ്പംകാരുടെ സമരപോരാട്ടം ഇന്ന് അമ്പതാം ദിവസത്തിൽ. പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച ഉന്നതല യോഗത്തിൽ റിട്ടയേ‍ർഡ് ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെ കമ്മീഷനായി സർക്കാർ നിയോഗിച്ചതിലാണ് സമരക്കാരുടെ ഇപ്പോഴത്തെ പ്രതീക്ഷ.വഖഫ് നിയമങ്ങൾ കടലിൽ താഴ്ത്തിയും,പന്തം കൊളുത്തി പ്രതിഷേധവും നടന്നിരുന്ന മുനമ്പത്ത് സർക്കാറിന്റെ ഉറപ്പിൽ നിലവിൽ സമാധാനപരമായാണ് സമരം തുടരുന്നത്.

തങ്ങളുടെ പ്രതീക്ഷകൾ ലക്ഷ്യം കാണുന്നതുവരെ ഉറച്ച സമരത്തിലേക്ക് എന്നുള്ളത് തന്നെയാണ് സമരക്കാരുടെ ലക്ഷ്യം. സമരക്കാരുടെ കണ്ണിൽ പൊടിയിടാനാണ് കമ്മീഷൻ. അധികാര കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തി അവകാശങ്ങൾ നേടിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് സമരക്കാർ വ്യക്തമാക്കുന്നത്. വഖഫിൻ്റെ ആസ്ഥിവിവരപ്പട്ടികയിൽ നിന്നും മുനമ്പംകാരുടെ ഭൂമി ഒഴിവാക്കണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ.മൂന്നുമാസത്തിനകം ജുഡീഷ്യൽ കമ്മീഷൻ നടപടികൾ പൂർത്തീകരിക്കുമെന്ന സർക്കാർ ഉറപ്പിൽ നടപടികൾ വേഗത്തിലാക്കാനായി സമരക്കാരും ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട 600 ലധികം വരുന്ന കുടുംബങ്ങളാണ് ഇപ്പോഴും മുനമ്പത്ത് സമരം തുടരുന്നത്.വിവിധ സാമുദായിക സംഘടനകളും രാഷ്ട്രീയകക്ഷികളും സമരത്തിന് പിന്തുണ നൽകി രംഗത്തുണ്ട്.

തർക്ക ഭൂമിയിലെ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും, സ‍ർക്കാർ സ്വീകരിക്കേണ്ട നടപടികൾ കമ്മീഷൻ ശുപാർശ ചെയ്യുകയും ചെയ്യും.