തെലങ്കാനയിൽ പൊലീസുമായി ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകൾ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുളുഗു ജില്ലയിലെ ചൽപ്പാക്ക് വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ചൽപ്പാക്ക വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസും മാവോയിസ്റ്റ് വിരുദ്ധ സേനയും മേഖലയിൽ തമ്പടിച്ചത്. വനത്തിൽ പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റ് സംഘം ആദ്യം സുരക്ഷ സേനക്ക് നേരെ വെടിയുതിർത്തുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഏറ്റുമുട്ടലുണ്ടായി.
സിപിഐ മാവോയിസ്റ്റ് യെല്ലാണ്ടു – നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്നറിയപ്പെടുന്ന പാപ്പണ്ണ ഉൾപ്പടെ ഏഴ് പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ഇവരുടെ കേന്ദ്രത്തിൽ നിന്ന് എ കെ 47 തോക്കുകൾ അടങ്ങുന്ന വൻ ആയുധ ശേഖരവും പൊലീസ് പിടിച്ചെടുത്തു. പൊലീസിന് രഹസ്യ വിവരം നൽകി എന്ന് ആരോപിച്ച് ഒരാഴ്ച്ച മുമ്പ് രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ പൊലീസ് നാടപടി ശക്തമാക്കിയത്. രണ്ടാഴ്ച മുമ്പ് ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ പൊലീസ് വധിച്ചിരുന്നു. ഛത്തീസ്ഗഢിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തെലങ്കാനയിൽ കൂടുതൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുളുഗുവിലെ ഏറ്റുമുട്ടൽ നടന്നത്.