KeralaTop News

പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താത്ത സംഭവം; കെഎസ്ആർടിസി സ്കാനിയ ബസ് ജീവനക്കാരനെതിരെ നടപടി,റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

Spread the love

രാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന പെൺകുട്ടിയുടെ പരാതിയിൽ കെഎസ് ആർ ടി സി ബസ് ജീവനക്കാരനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. കെഎസ്ആർടിസി വിജിലൻസ് ഡയറക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ഇന്നലെ കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. രാത്രി 10 മണിക്ക് ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല എന്നാണ് പരാതി. താമരശ്ശേരി സ്വദേശിയായ 19 വയസ്സുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്ന് താമരശ്ശേരിയിലേക്കുള്ള യാത്രയിൽ ഒറ്റയ്ക്കായിരുന്നു. സാധാരണ രാത്രി 8:30 നാണ് ബാംഗ്ലൂരിൽ നിന്നുള്ള കെഎസ്ആർടിസി സ്കാനിയ ബസ് താമരശ്ശേരിയിലെത്തുക. എന്നാൽ ഇന്നലെ രാത്രി ബസ് എത്തിയത് രാത്രി 10 മണിക്കാണ്. പെൺകുട്ടി ആവശ്യപ്പെട്ടത് താമരശ്ശേരി പഴയ ബസ്റ്റാൻഡിൽ നിർത്തണമെന്നായിരുന്നു. എന്നാൽ അവിടെ നിർത്താൻ പറ്റില്ലെന്നും താമരശ്ശേരി ഡിപ്പോയിൽ നിർത്താമെന്നും ബസ് ജീവനക്കാർ പറയുകയായിരുന്നു.

അര കിലോമീറ്റർ മാറി ഡിപ്പോയിൽ ബസ് നിർത്തി. പിന്നീട് പഴയ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന പെൺകുട്ടിയുടെ പിതാവ് പിന്നീട് ഡിപ്പോയിലെത്തി പെൺകുട്ടിയെ കൂട്ടുകയായിരുന്നു. തനിച്ചു യാത്ര ചെയ്യുന്ന പെൺകുട്ടികൾ ആവശ്യപ്പെട്ടാൽ രാത്രി സമയങ്ങളിൽ ബസ് നിർത്തണമെന്നാണ് കെഎസ്ആർടിസിയുടെ ചട്ടം. ഇത് ലംഘിച്ചതിനെതിരെയാണ് പെൺകുട്ടി കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയത്.