NationalTop News

ഇരുന്നൂറ് രൂപ ദിവസക്കൂലിക്ക് പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

Spread the love

ഇരുന്നൂറ് രൂപ ദിവസക്കൂലിക്ക് ഇന്ത്യന്‍ തീരസംരക്ഷണസേന കപ്പലുകളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍. ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

200 രൂപ ദിവസവേതനത്തിനാണ് ദീപേഷ് എന്ന യുവാവ് തീരസംരക്ഷണസേന കപ്പലുകളുടെ സഞ്ചാരത്തെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. ഇതിനോടകം പാക് ഏജന്റുമാരില്‍ നിന്ന് 42,000 രൂപയാണ് ഇയാള്‍ കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു.

ഗുജറാത്തിലെ ഓഖ തുറമുഖത്താണ് ദീപേഷ് ജോലി ചെയ്തുവരുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പാക് ഏജന്റുമായി പരിചയത്തിലായത്. ‘സാഹിമ’ എന്ന പേരിലറിയപ്പെടുന്ന പാക് ഏജന്റ് ദീപേഷുമായി അടുത്ത ബന്ധം സ്ഥാപിച്ചു. വൈകാതെ തന്നെ ഇരുവരും വാട്‌സ് ആപ്പ് നമ്പറുകളും കൈമാറി. ഓഖ തുറമുഖത്തെ തീരസംരക്ഷണസേന കപ്പലുകളുടെ പേരും നമ്പറും സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ദീപേഷില്‍ നിന്നും ശേഖരിച്ചു.

ഇത്തരം കേസുകളില്‍ തീരസംരക്ഷണസേന ബോട്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് പാകിസ്ഥാനിലെ രഹസ്യ ഏജന്റുമാര്‍ ശ്രമിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് രാജ്യത്തെ അപകടത്തിലാക്കും,’’ കെ. സിദ്ധാര്‍ത്ഥയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ദീപേഷില്‍ നിന്നും 42,000 രൂപയാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.

സമാനമായി തീരസംരക്ഷണസേന കപ്പലുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് ചാരന് ചോര്‍ത്തിക്കൊടുത്ത കേസില്‍ പോര്‍ബന്തര്‍ സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പങ്കജ് കോട്ടിയ എന്നയാളെയാണ് ആന്റി-ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.