11,45,625 പേര് ദർശനം നടത്തി, 2,01,702 പേർ വന്നത് സമയം തെറ്റിച്ച്; തീര്ത്ഥാടകർ സമയക്രമം പാലിക്കണമെന്ന് പൊലീസ്
ശബരിമലയിൽ അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനാകുമെന്ന് ജില്ലാ പൊലീസ്. സ്പോട് ബുക്കിങ് 10000 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ, ശബരിമല സന്ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നത് നിർബന്ധമാണ്.
ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് രാവിലെ 11 മണിവരെ മാത്രം ദർശനം നടത്തിയവരുടെ എണ്ണം 30,882 ആണ്, ഇതിൽ ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 5988 ആണ്. ആകെ കണക്കാക്കുമ്പോൾ ദർശനത്തിനായി നടതുറന്നതുമുതൽ ഇന്ന് രാവിലെ 11 വരെ ദർശനം നടത്തിയത് 11,45,625 പേരാണ്.
15 മുതൽ ഇതുവരെ, ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 2,01,702 ആണ്. ഇത് സൂചിപ്പിക്കുന്നത് സ്ലോട്ടിന്റെ സമയക്രമം പാലിക്കാതെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർധിക്കുന്നതായാണ്. ഇത് ആകെയുള്ള കണക്കിനെ ബാധിക്കുന്നുണ്ട്. അനാവശ്യ തിരക്ക് ഉണ്ടാവുന്നതിനും ഇത്തരത്തിൽ ഭക്തർ എത്തുന്നത് ഇടയാക്കുന്നു.
അതിനാൽ, കൃത്യമായ സമയം പാലിച്ച് ദർശനത്തിനായി ഭക്തർ എത്തുന്നത് ഉറപ്പാക്കിയാൽ സുഗമമായും, യാതൊരു ബുദ്ധിമുട്ട് ഇല്ലാതെയും, തിരക്കൊഴിവാക്കിയും അയ്യപ്പദർശനം സാധ്യമാകും. സംസ്ഥാനത്തുള്ളവർക്ക് തീർച്ചയായും ഇത് പാലിക്കാൻ കഴിയുമെന്നും, ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക് ഒരുപരിധിവരെ ബുക്കിങ്ങിന്റെ സമയക്രമം പാലിക്കാൻ സാധിക്കുമെന്നുമാണ് ജില്ലാ പൊലീസിന്റെ വിലയിരുത്തൽ.