ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ മരണം ഒന്‍പതായി; തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ ആകെ മരണം ഒന്‍പതായി. പുതുച്ചേരിയില്‍ നാല് പേരും തിരുവള്ളൂരില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയും ഇന്ന് മരിച്ചു. തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. വിഴിപ്പുറത്തും പുതുച്ചേരിയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മഴയാണ് പെയ്തത്. ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദമായി മാറി.
പുതുച്ചേരിയില്‍ വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയപ്പോഴാണ് രണ്ട് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ചു. തിരുവള്ളൂരില്‍ വീടിന്റെ ഭിത്തിയില്‍ നിന്ന് ഷോക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. ചെന്നൈയില്‍ ഇന്നലെ നാല് പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു. പുതിച്ചേരിയിലും വിഴുപ്പുറത്തും കടലൂരുമാണ് ചുഴലിക്കാറ്റ് തീരം തൊട്ടതിന് ശേഷം ശക്തമായി മഴ പെയ്ത്. ഇന്ന് രാവിലെ വരെ വിഴിപ്പുറത്ത് 498 മില്ലിമീറ്റര്‍ മഴ പെയ്തു. പുതുച്ചേരിയില്‍ 469 .5 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. വീടുകളില്‍ കുടുങ്ങിയവരെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പുതുച്ചേരിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ദുരിതാശ്വാസക്യാമ്പുകളാക്കി.
വിഴുപ്പുറത്തും കടലൂരിലുമായി 58 ദുരിതാശ്വാസക്യാമ്പുകളില്‍ 1373 പേരാണ് കഴിയുന്നത്. 11 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകളുണ്ടായി. റോഡുകളില്‍ മരം വീണ് ഗതാഗത തടസ്സമുണ്ടായി. നിരവധി കന്നുകാലികള്‍ ചത്തു. മന്ത്രിമാരായ സെന്തില്‍ ബാലാജിയും എസ് എസ് ശിവശങ്കറും ക്യാമ്പ് ചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. .വിഴിപ്പുറത്തും കടലൂരിലും പുതുച്ചേരിയിലും പലഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈല്‍ ടവറുകള്‍ കടപുഴകിയതിനാല്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തിലും തടസ്സം നേരിടുന്നുണ്ട്.