ഫിൻജാൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ ഒരാൾ കൂടി ഷോക്കേറ്റ് മരിച്ചു
തമിഴ്നാട് മഴക്കെടുതിയിൽ ഷോക്കേറ്റ് ഒരാൾകൂടി മരിച്ചു. ഒഡീഷ സ്വദേശി ഫുലവേശ്വർ (20) ആണ് മരിച്ചത്. മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്യുന്നതിടെ ഷേക്കേൽക്കുകയായിരുന്നു. വാനനഗരത്താണ് അപകടം നടന്നത്. നേരത്തെ വേലച്ചേരി പ്രദേശവാസി ശക്തിവേലിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. മണ്ണടി മുതിയാൽപേട്ടിൽ ഉത്തർപ്രദേശ് സ്വദേശി ചന്ദൻ ഫിൻജാൽ ചുഴലിക്കാറ്റിനിടെ പണം എടുക്കാൻ പോകവേ എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരണപ്പെടുകയായിരുന്നു. കുളത്തൂർ സ്വദേശി ഇസൈവാനൻ വ്യാസർപാടി ഗണേശപുരം സബ് വേയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇതോടുകൂടി സംസ്ഥാനത്ത് ഷോക്കേറ്റുള്ള മരണം നാലായി.
അതേസമയം, ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമർദ്ദമായി മാറി. താത്കാലികമായി അടച്ച ചെന്നൈ വിമാനത്താവളം രാത്രി ഒരു മണിയോടെ തുറന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 48 മണിക്കൂർ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.