2 ഹിന്ദു സന്യാസിമാർ കൂടി കസ്റ്റഡിയിലെന്ന് ബംഗ്ലാദേശ്; ഇന്ത്യയുമായുള്ള ബന്ധം മോശമായെന്ന് വിദേശകാര്യ ഉപദേഷ്ടാവ്
ധാക്ക: രണ്ട് ഹിന്ദു സന്യാസിമാർ കൂടി കസ്റ്റഡിയിലുണ്ടെന്ന വിവരം സ്ഥിരീകരിച്ച് ബംഗ്ലാദേശ്. ഇസ്കോൺ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചത്. കൂടാതെ 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായിരുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം ഇന്ത്യയുമായുള്ള ബന്ധം മോശമായതായി ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ പ്രതികരിച്ചു. ഷെയ്ഖ് ഹസീനക്ക് അഭയം നൽകിയതോടെ ബന്ധം ഉലഞ്ഞെന്നാണ് പ്രതികരണം.
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിനിടെ ഇസ്കോണിന്‍റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി.