തകർന്ന ബന്ധങ്ങളുടെ പേരിൽ ജീവനൊടുക്കിയാൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ ആവില്ല: സുപ്രീം കോടതി
വ്യക്തമായ തെളിവില്ലാതെ തകർന്ന ബന്ധങ്ങളുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ ആവില്ലെന്ന് സുപ്രീം കോടതി. കമറുദ്ദീൻ ദസ്തഗിർ സനദി എന്ന വ്യക്തിയെ ശിക്ഷിച്ച കർണാടക ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ഉജ്ജൽ ബുയാൻ എന്നിവരാണ് കേസ് പരിഗണിച്ചത്.
കമറുദ്ദീൻ എതിരെ വഞ്ചന കുറ്റവും ആത്മഹത്യ പ്രേരണ കുറ്റവും ആയിരുന്നു ചുമത്തിയിരുന്നത്. തകർന്ന ബന്ധമാണ് ഈ കേസെന്നും ക്രിമിനൽ കുറ്റകൃത്യം അല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഐപിസി സെക്ഷൻ 417, 306, 376 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കർണാടക ഹൈക്കോടതി കമറുദ്ദീനെ അഞ്ചുവർഷത്തേക്കാണ് ശിക്ഷിച്ചത്. ഇദ്ദേഹവുമായി പ്രണയബന്ധത്തിൽ ഉണ്ടായിരുന്ന 21 കാരി എട്ടു വർഷത്തെ സൗഹൃദം തകർന്നതിനെ തുടർന്ന് 2007 ഓഗസ്റ്റ് മാസത്തിൽ ജീവനൊടുക്കിയിരുന്നു. തന്റെ മകൾക്ക് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് ആരോപിച്ച് യുവതിയുടെ അമ്മയാണ് കമറുദ്ദീനെതിരെ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച് സുപ്രീം കോടതി യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഇരുവർക്കും ഇടയിൽ ശാരീരിക ബന്ധം നടന്നതായുള്ള യാതൊന്നും പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. കമറുദ്ദീന്റെ ഭാഗത്തുനിന്ന് ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിൽ എന്തെങ്കിലും പ്രേരണ ഉണ്ടായതായി ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടില്ല എന്നതും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ബന്ധം തകർന്നതിന്റെ പേരിൽ ഉണ്ടാകുന്ന മാനസിക വിഷമങ്ങൾ മൂലം ഒരാൾ ജീവനൊടുക്കിയാൽ അതിൽ ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു.