NationalTop News

സംഭാലില്‍ നിരോധനാജ്ഞ തുടരുന്നു; സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പുറപ്പെട്ട സമാജ്‌വാദി പ്രതിനിധി സംഘത്തെ തടഞ്ഞ് പൊലീസ്

Spread the love

ഉത്തര്‍പ്രദേശ് സംഭാല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പുറപ്പെട്ട സമാജ് വാദിപാര്‍ട്ടി പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. ഗാസിയാബാദ് അതിര്‍ത്തിയില്‍ വച്ചായിരുന്നു യുപി പൊലീസിന്റെ നടപടി

പൊലീസും ഭരണഘടവും ജനങ്ങള്‍ക്കെതിരായി നില്‍ക്കുന്നുവെന്ന് എസ്പി എംപി സിയ ഉര്‍ റഹ്‌മാന്‍ ബാര്‍ഖ് ആരോപിച്ചു.പാര്‍ട്ടിയുടെ 15 അംഗ സംഘമാണ് സംഭാല്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. അതിനിടെ സംഭാലിലെ നിരോധനാജ്ഞ ഡിസംബര്‍ 10 വരെ നീട്ടി. മുന്‍കൂര്‍ അനുമതിയില്ലാതെ അഞ്ചോ അതില്‍ അധികമോ ആളുകള്‍ ഒത്തുചേരുന്നതിന് ആണ് നിരോധനം.

ഇന്നലെ സംഭാലിലെ ജമാ മസ്ജിദിലെ സര്‍വെ നടപടികള്‍ സുപ്രിംകോടതി തടഞ്ഞിരുന്നു. ഷാഹി ജുമ മസ്ജിദിലെ സര്‍വ്വേക്കെതിരെ മുസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സംഭാലില്‍ സമാധാനവും ഐക്യവും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. പ്രശ്നപരിഹാരത്തിനായി സമാധാന സമിതി രൂപീകരിക്കാനും ആവശ്യപ്പെട്ടു. തിടുക്കപ്പെട്ട സര്‍വ്വേയ്ക്ക് ഉത്തരവിട്ട വിചാരണ കോടതിയുടെ നടപടി ജനദ്രോഹപരം എന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്. വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി വിചാരണ കോടതിയുടെ നടപടികള്‍ തടഞ്ഞു. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും ഹൈക്കോടതി കേസ് പരിഗണിക്കും വരെ വിചാരണ കോടതിയുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചിരുന്നു.