Saturday, February 22, 2025
Latest:
NationalTop News

​ഗം​ഗാനദിയിൽ ഒഴുക്കിൽപെട്ട് കാണാതായ തൃശ്ശൂർ സ്വദേശിക്കായി തെരച്ചിൽ തുടരുന്നു; കാണാതായത് ഇന്നലെ രാവിലെ

Spread the love

ദില്ലി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതെയായ ദില്ലിയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും. എസ് ഡി ആർ എഫ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുനരാരംഭിക്കുക. പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാശിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ വൈകിട്ടോടെ നിർത്തിവച്ചിരുന്നു. തിരച്ചിലിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം.

സംഭവത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപെട്ടു. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. എൻഡിആർഎഫ് അടക്കമുള്ള ഡിസാസ്റ്റർ ടീമിന്റെ ഇടപെടൽ വേണമെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എംപി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമിക്കും കത്ത് നൽകിയിരുന്നു. ഇന്നലെ രാവിലെയോടെയാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഋഷികേശിലെത്തിയ ആകാശ് ഗംഗാനദിയിലെ ഒഴുക്കിൽപ്പെടുന്നത്.