KeralaTop News

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത

Spread the love

ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയപാത്ര പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് കേന്ദ്ര കലാവസ്ഥ കേന്ദ്രം പ്രത്യേകമായി അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. തീരദേശത്ത് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റും മഴയുമാണ്.ചെന്നൈ എയര്‍പോര്‍ട്ട് താത്കാലികമായി അടച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കളക്ടര്‍മാരുടെ യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.

ചെന്നൈ ചെങ്കല്‍പട്ട്, റാണിപട്ട്, തിരുവള്ളൂര്‍ കാഞ്ചിപുരം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം അതിരൂക്ഷമായി തുടരുന്നു. തീരദേശ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. ചെന്നൈ വിമാനത്താവളം വൈകിട്ട് 5 മണി വരെ താല്‍ക്കാലികമായി അടച്ചു. നിലത്തിറക്കാന്‍ കഴിയാത്തതിനാല്‍ രണ്ടു വിമാനങ്ങള്‍ ബാംഗ്ലൂര്‍ക്കും ഒന്ന് ശ്രീലങ്കയ്ക്കും വിട്ടു. മെട്രോ സര്‍വീസുകള്‍ സാധാരണ നിലയില്‍ ആണെങ്കിലും ട്രെയിന്‍ സര്‍വീസുകളെയും റോഡ് ഗതാഗതത്തെയും മഴയും കാറ്റും സാരമായി ബാധിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി ബന്ധമില്ല.