ആലപ്പുഴയിലെ സിപിഐഎം നേതാവായിരുന്ന ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു
ആലപ്പുഴയിലെ സിപിഐഎം നേതാവായിരുന്ന ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് അദ്ദേഹം. കായംകുളം സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. 2021 മുതല്‍ 2023 വരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഐഎം നേതൃത്വം മുഴുവനായി ഒരു ഭാഗത്തിന്റെ മാത്രം കൈയിലേക്ക് പോയെന്നും ജി സുധാകരന്റെ അവസ്ഥ തന്നെ ദയനീയമാണെന്നും ആരോപിച്ചുകൊണ്ടാണ് ബിപിന്‍ പാര്‍ട്ടി വിട്ടത്. മതനിരപേക്ഷതയില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് വര്‍ഗീയവാദികളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബിജെപി സംഘടനാ പര്‍വത്തിലാണ് കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ അദ്ദേഹം ബിജെപിയിലെത്തിയത്. പദവി നോക്കിയല്ല താന്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് ബിപിന്‍ പറഞ്ഞു. നരേന്ദ്രമോദി രാജ്യത്ത് നടത്തിയ നല്ല കാര്യങ്ങള്‍ കണ്ടാണ് താന്‍ ബിജെപിയിലേക്ക് ആകൃഷ്ടനായതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി കുടുംബത്തിലെ അംഗം കൂടിയാണ് ബിപിന്‍. ഇദ്ദേഹത്തിന്റെ മാതാവ് സിപിഐഎം ഏരിയ കമ്മിറ്റി അംഗമാണ്.