വയനാട് പുനരധിവാസം വൈകുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി ചാര്‍ജ്
മുണ്ടക്കൈ ചൂരമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു കല്‍പ്പറ്റ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പെടെ 50 ഓളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കലക്ടറേറ്റ് രണ്ടാം ഗേറ്റ് മറികടക്കുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് വലിയ സംഘര്‍ഷമുണ്ടായത്.
പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് പല തവണ ലാത്തി ചാര്‍ജ് നടത്തി. കണ്ണീര് വാതകം പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. പല തവണ പൊലീസിനു നേരെ കല്ലെറിഞ്ഞു. പരുക്കേറ്റ പ്രവര്‍ത്തകരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചു കേരള എന്‍. ജി. ഒ യൂണിയന് പ്രവര്‍ത്തകരും കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു. NGO യൂണിയന് – ഭിന്നശേഷി ജീവനക്കാരുടെ ധര്‍ണയ്ക്കിടയിലേക്ക് എത്തി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നാണ് പരാതി.
വയനാട്ടിലെ കളക്ട്രേറ്റ് മാര്‍ച്ചിനെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു. പുനരധിവാസം സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്നും പെല്ലെ പോക്ക് തുടരുകയാണങ്കില്‍ സര്‍ക്കാരിന് പ്രഖ്യാപിച്ച പിന്തുണ പിന്‍വലിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതരമായ കൃത്യവിലോപം ഉണ്ടായി. കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും. എല്‍ഡിഎഫിനൊപ്പം സമരത്തിനില്ല – അദ്ദേഹം വ്യക്തമാക്കി.