KeralaTop News

കൊടുവള്ളി സ്വർണക്കവർച്ച: അഞ്ചു പേര്‍ അറസ്റ്റിൽ, 1.2 കിലോ സ്വര്‍ണം കണ്ടെടുത്തു

Spread the love

കോഴിക്കോട് കൊടുവള്ളി സ്വർണ്ണക്കവർച്ചയുടെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി കോഴിക്കോട് റൂറൽ എസ്‍പി നിധിന്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു.രമേശിനെ കൂടാതെ വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു. രമേശൻ ഇവര്‍ക്ക് ക്വട്ടേഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാൻ രമേശ് ആണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു.

കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് റൂറല്‍ എസ്.പി. നിധിന്‍ രാജ് അറിയിച്ചു. നടന്നത് ആസൂത്രിത കവര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച രാത്രിയാണ്, സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടുവള്ളിയിലെ ജ്വല്ലറി ഉടമ ബൈജുവിനെ കാറിടിച്ച് വീഴ്ത്തി ഒരു സംഘം സ്വർണം കവർന്നത്. 1.75 കിലോ സ്വർണമാണ് ബൈജുവിന് നഷ്ടമായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പാലക്കാട്-തൃശൂർ സ്വദേശികളായ അഞ്ചംഗ സംഘം പിടിയിലായത്. ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.