മാധ്യമങ്ങളെ അധിക്ഷേപിച്ച് നെയ്യാറ്റിന്‍കര MLA; മാധ്യമങ്ങള്‍ക്ക് കൃമികടിയെന്ന് വിവാദ പരാമര്‍ശം
മാധ്യമങ്ങളെ അധിക്ഷേപിച്ച് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍. മാധ്യമങ്ങള്‍ക്ക് കൃമികടിയെന്നാണ് അധിക്ഷേപം. റവന്യൂ ജില്ല കലോത്സവത്തിലെ വീഴ്ചകളും സംഘാടന പിഴവും ചൂണ്ടിക്കാട്ടിയതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് എംഎല്‍എ മാധ്യമങ്ങള്‍ക്ക് നേരെ അധിക്ഷേപ പ്രസംഗം നടത്തിയത്.
കലോത്സവം വിവാദത്തോടെയാണ് തുടങ്ങിയത്. കൊടിമരത്തില്‍ പതാക കെട്ടാനായി പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഒരു സുരക്ഷയുമില്ലാതെ കയറ്റിയത് എംഎല്‍എയുടെ സാനിധ്യത്തിലായിരുന്നു. അത് അന്ന് തന്നെ വിവാദമായിരുന്നു. അതിന് ശേഷം വിധി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍, സംഘാടനത്തിലെ പിഴവ്, തുടങ്ങിയ നിരവധി വിഷയങ്ങള്‍ പിന്നെയുമുണ്ടായി. ഇത് നിരന്തരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.
അതേസമയം, കെ.ആന്‍സലന്‍ എം എല്‍ എ മാധ്യമങ്ങള്‍ക്കു നേരെ നടത്തിയ വില കുറഞ്ഞ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. കലോത്സവ വേദികളിലെ തര്‍ക്കങ്ങളും മത്സരങ്ങള്‍ വൈകുന്നതിന്റെ പേരില്‍ മത്സരാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘ ഉണ്ടാകുന്ന പ്രയാസങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ തന്റെ കൂടി സാന്നിധ്യത്തില്‍ യാതൊരു സുരക്ഷയുമില്ലാതെ ഒരു വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയ ആയിരം വാക്കുകള്‍ക്കു തുല്യമായ ചിത്രമാണ് എംഎല്‍എയുടെ ‘കൃമികടി’ പ്രസംഗത്തിനു പിന്നിലെന്നു വ്യക്തമാണ്. നടന്ന സംഭവങ്ങള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജനപ്രതിനിധികള്‍ അത് ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പ്രസ്താവനയില്‍ പറഞ്ഞു.