Wednesday, April 23, 2025
Latest:
KeralaTop News

‘ആനകളെ കണ്ടപ്പോൾ വഴി മാറി പോയി; രാത്രി ഉറങ്ങിയിട്ടില്ല, നിന്നത് പാറക്കെട്ടിന് മുകളിൽ’; വനത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Spread the love

കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ പുറത്തെത്തിച്ചു. മായ, ഡാർലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തിൽ ഇന്നലെ കുടുങ്ങിയത്. വനത്തിൽ കുടുങ്ങി 14 മണിക്കൂർ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയത്. കാടിനുള്ളിൽ ആറ് കിലോമീറ്റർ അകലെ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. അറക്കമുത്തി ഭാ​ഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.

ആന ചുറ്റും ഉണ്ടായിരുന്നു. വഴി അറിയാരുന്നു. ആനയെ കണ്ടപ്പോൾ വഴി മാറി പോയതാണ്. രാത്രി മുഴുവൻ പാറക്കെട്ടിന് മുകളിലായിരുന്നു. പശു തിരിച്ചെത്തിയ വിവരം അറിഞ്ഞിരുന്നു. ഇങ്ങോട്ട് വരുമ്പോൾ തിരച്ചിൽ സംഘത്തെ കണ്ടു’ വനത്തിൽ കുടുങ്ങിയ സംഘത്തിൽ മായ പറഞ്ഞു. ‘വഴി തെറ്റാതെ പകുതി വരെ വന്നു. ആനയെ മുൻപിൽ കണ്ടതോടെ പിന്നോട്ട് പോയി. അതോടെ വഴി തെറ്റിപ്പോയി. കാട് നല്ല പരിചയമുള്ളയാളാണ്. രാത്രി ഉറങ്ങിയിട്ടില്ല. എഴുന്നേറ്റിരുന്നു പ്രാർത്ഥിക്കുവാരുന്നു. വലിയ പാറക്കെട്ടിന് മുകളിലായിരുന്നു ഇരുന്നത്. അടുത്തിരിക്കുന്ന ആളെ പോലും മനസിലാകാത്ത കൂരുരിട്ടായിരുന്നു. ചുറ്റും ആനയുണ്ടായിരുന്നെങ്കിലും ആക്രമിച്ചില്ല’ പാറുക്കുട്ടി പറയുന്നു.

ആന ഉണ്ടായിരുന്ന ഭയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഡാർലി പറഞ്ഞു. മൂന്നു പേരും ഒരുമിച്ചാണുണ്ടായിരുന്നതെന്ന് ഡാർലി പറഞ്ഞു. ഭക്ഷണവും വെള്ളവും ഉണ്ടായില്ല. തിരഞ്ഞ് ആളുകൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വെട്ടം വന്നാൽ പുറത്തേക്ക് വരാനാണ് തീരുമാനിച്ചിരുന്നതെന്ന് മായ പറഞ്ഞു.

ആന ഓടിവന്നിരുന്നുവെന്നും രക്ഷപ്പെടാൻ ഒരു മരത്തിന്റെ പിന്നിലാണ് ഒളിച്ചിരുന്നതെന്ന് പാറുക്കുട്ടി പറഞ്ഞു. തിരച്ചിൽ സംഘം പുലർച്ചെ രണ്ട് മണിക്ക് ഇവരുടെ അടുത്തെത്തിയിരുന്നു. പേര് വിളിച്ചിട്ടും ഇവർ മിണ്ടിയിരുന്നില്ല. നായാട്ട് സംഘമാണെന്ന് കരുതിയിരിക്കുകയായിരുന്നുവെന്ന് തിരച്ചിൽ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. വെട്ടം വന്നതോടെ ഇവർ താഴേക്കിറങ്ങി വന്നുവെന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് സ്ത്രീകളുടെ സമീപത്ത് നിന്ന് തന്നെയുണ്ടായിരുന്നു. വിളിച്ചിട്ടും ഇവർ പ്രതികരിക്കാതിരുന്നതാണ് കണ്ടെത്താൻ വൈകിയതെന്ന് അദ്ദേഹം പറഞ്ഞു.