Friday, November 29, 2024
Latest:
NationalTop News

‘ഐക്യമില്ലായ്മ ദോഷം ചെയ്തു; തെരഞ്ഞെടുപ്പുകളില്‍ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല’; സിഡബ്ല്യുസി യോഗത്തില്‍ വിമര്‍ശനം

Spread the love

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം. സാഹചര്യം അനുകൂലമായിരുന്നുവെന്നും ഇത് ഫലമാക്കി മാറ്റാന്‍ പഠിക്കേണ്ടതുണ്ടെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലും എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമായില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ ഫലങ്ങള്‍ നമുക്കുള്ള സന്ദേശമാണ്. ഇതില്‍ നിന്ന് പഠം പഠിക്കണം. സംഘടനാ തലത്തിലുള്ള ബലഹീനതകള്‍ പരിഹരിക്കണം – ഖര്‍ഗെ പറഞ്ഞു

ഐക്യമില്ലായ്മയും പരസ്പരമുള്ള പ്രസ്താവനകളും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്ന് ഖര്‍ഗെ പറഞ്ഞു. ഐക്യമില്ലാതെ പരസ്പരവിരുദ്ധമായി പ്രസ്താവനകള്‍ നടത്തുന്ന പക്ഷം എങ്ങനെ പ്രതിയോഗികളെ രാഷ്ട്രീയമായി പരാജയപ്പെടുത്തുമെന്ന ചോദ്യവും ഖര്‍ഗെ യോഗത്തില്‍ ഉന്നയിച്ചു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ സമതികളെ നിയോഗിച്ചുവെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. ഹരിയാനയിലും മഹാരാഷ്ട്രയിലും ക്രമക്കേട് നടന്നു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് CWC വിലയിരുത്തി. തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും. പുന:സംഘടന അനിവാര്യം – കെ.സി വേണുഗോപാല്‍ വിശദമാക്കി.