NationalTop News

മുഖ്യമന്ത്രി ഫട്നാവിസ് തന്നെ, ഷിൻഡെക്ക് എതിർപ്പില്ല; 3 ആവശ്യങ്ങൾ അമിത് ഷാക്ക് മുന്നിൽ വച്ച് ശിവസേന

Spread the love

ദില്ലി: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനം ബി ജെ പി നേതാവ് ദേവന്ദ്ര ഫഡ്നവീസിന് തന്നെ ലഭിക്കുമെന്ന് ഏറക്കുറെ വ്യക്തമാകുന്നു. മുഖ്യമന്ത്രിയായി ഫട്നാവിസ് വരുന്നതിനെ ഏകനാഥ് ഷിൻഡെ എതിർത്തിട്ടില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിലെ മന്ത്രിസഭ ചർച്ച വഴിമുട്ടിയത് മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് തർക്കത്തിലാണ്. അമിത് ഷായും ഏക്‌നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ ചർച്ചയിൽ ഷിൻഡെ 3 ആവശ്യങ്ങൾ ഷായുടെ മുന്നിൽ വെച്ചത്.

കാബിനറ്റും സഹമന്ത്രിയും ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ ശിവസേനയ്ക്ക് വേണമെന്നതാണ് ഒന്നാമത്തെ ആവശ്യം. ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ സ്ഥാനം ശിവസേനയ്ക്ക് ലഭിക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം. ആഭ്യന്തര, നഗരവികസന മന്ത്രി ശിവസേനയിൽ നിന്നായിരിക്കണം എന്നതാണ് മറ്റൊരു ആവശ്യം. ഇക്കാര്യത്തിൽ അമിത് ഷാ എന്ത് നിലപാടാണ് അറിയിച്ചതെന്ന കാര്യം വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെയും തീരുമാനമാകും ഇക്കാര്യത്തിൽ നിർണായകം.

അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യോഗത്തിൽ ചർച്ചയായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് മുംബൈയിൽ മഹായുതി യോഗം ചേരും. യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഏക് നാഥ് ഷിൻഡെ, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചു. മുംബൈ യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് ഷിൻഡെ വ്യക്തമാക്കിയത്. ഏത് തീരുമാനത്തിനും ഒപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രിക്ക് വാക്കു കൊടുത്തെന്നും ഷിൻഡെ അറിയിച്ചു.

അതേസമയം ഷിൻഡെ ഇക്കാര്യം പറയുമ്പോളും ബിഹാർ മോഡൽ വാദം വീണ്ടും ഉന്നയിച്ച് ശിവസേന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ജെ ഡി യുവിന് മുഖ്യമന്ത്രി പദം നൽകിയ മാതൃക പിന്തുടരണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. കൂടുതൽ മന്ത്രി സ്ഥാനങ്ങളടക്കം കിട്ടാനുള്ള സമ്മർദ്ദ തന്ത്രമായിട്ടാണ് ഇക്കാര്യം വിലയിരുത്തപ്പെടുന്നത്.