ഡൽഹി പ്രശാന്ത് വിഹാറിലെ സ്ഫോടനം; വെളുത്ത പൊടി കണ്ടെത്തി; സ്ഥലത്ത് NSG പരിശോധന
ഡൽഹി പ്രശാന്ത് വിഹാറിൽ തീയറ്ററിന് മുന്നിൽ സ്ഫോടനത്തിൽ എൻഎസ്ജി പരിശോധന. ഇവിടെ നിന്ന് വെളുത്ത പൊടി കണ്ടെത്തിയിരുന്നു. പ്രദേശത്ത് നിന്നും എൻഎസ്ജി മറ്റെല്ലാ ഏജൻസികളെയും ഒഴിപ്പിച്ചു. പി വി ആർ സിനിമാ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. കൂടുതൽ സ്ഫോടക വസ്തുക്കൾ ഉണ്ടോ എന്ന് പരിശോധനയാണ് സ്ഥലത്ത് നടക്കുന്നത്. പാർക്കിന്റ മതിലിനോട് ചേർന്ന അഴുക്ക് ചാലിൽ ആണ് പരിശോധന.
എൻഎസ്ജിയുടെ ബോംബ് പരിശോധനക്കായുള്ള മൂന്ന് നായകളും സ്ഥലത്തെത്തി. സിആർപിഎഫ് സ്കൂളിന് സമീപം ഒക്ടോബർ 20ന് നടന്ന സ്ഫോടനവുമായി ബന്ധമെന്ന് പ്രാഥമിക നിഗമനം. രണ്ടിടത്തും വെളുത്ത പൊടി കണ്ടെത്തിയിട്ടുണ്ട്. രണ്ടു സ്ഫോടക വസ്തുക്കളും സ്ഥാപിച്ചത് മതിലിനോട് ചേർന്നാണ്. സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ മതിൽ തകർന്നെങ്കിലും ആളാപായമില്ലായിരുന്നു. പ്രശാന്ത് വിഹാറിലെ സ്ഫോടനത്തിൽ എൻഐഎ പ്രാഥമിക പരിശോധന നടത്തും.
ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച്, ബോംബ് സ്ക്വഡ്, ഫോറൻസിക് സംഘം എന്നിവർരും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. എന്ത് സ്ഫോടക വസ്തുവാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് കണ്ടെത്താനായി കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്.