Sunday, December 29, 2024
Latest:
KeralaTop News

ബന്ധുക്കള്‍ എത്തുംമുന്‍പ് നവീന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇടപെട്ടത് കണ്ണൂര്‍ കളക്ടര്‍; ആരോപണവുമായി സിപിഐഎം നേതാവ്

Spread the love

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനന്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പ്രഹസനമാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതുമൂലമാണ് അന്വേഷണവുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബത്തിന് നിരവധി സംശയങ്ങളുണ്ടായത്. കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തേയും മലയാലപ്പുഴ മോഹനന്‍ പിന്തുണച്ചു.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ നവീന്റെ കുടുംബം പറഞ്ഞ ആരോപണങ്ങളെ മോഹനനും പിന്തുണച്ചു. പരിയാരത്ത് നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇടപെട്ടത് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ആയിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കള്‍ എത്തും മുന്‍പ് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തിയത് കളക്ടര്‍ ഇടപെട്ടാണ്. കളക്ടര്‍ ഓരോ സമയവും ഓരോന്നു പറയുകയാണ്. കളക്ടര്‍ക്ക് സാമാന്യബോധം ഇല്ലേയെന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാധീനത്തിലാണെന്നാണ് നവീന്റെ കുടുംബത്തിന്റെ ആരോപണം. കളക്ടറുടെ ഫോണ്‍ കോള്‍ രേഖകളും കളക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം. യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ സാന്നിധ്യത്തെപ്പറ്റി പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കി കളക്ടര്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബു തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞതായുള്ള കളക്ടറുടെ മൊഴിയുണ്ട്. ഇതും പ്രതിയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നാണ് ഹര്‍ജിയിലെ ആരോപണം. പി പി ദിവ്യയും കണ്ണൂര്‍ ജില്ലാ കളക്ടറും തമ്മിലുള്ള അവിശുദ്ധബന്ധം സിബിഐ അന്വേഷിക്കണമെന്നാണ് നവീന്റെ കുടുംബത്തിന്റെ ആരോപണം.