‘കൊലപാതകമാണെന്ന സംശയം തള്ളിക്കളയാനാകില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം ഹൈക്കോടതിയില്‍
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍. നവീന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗുരുതരമായ ആരോപണം കുടുംബം ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി – തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പറയുന്നു.
യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബുവിനെ കണ്ടത് ആരൊക്കെ എന്ന് അന്വേഷിക്കണം. അന്വേഷണസംഘം ഇതുവരെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടില്ല. പ്രശാന്തന്റെ പരാതി കെട്ടിച്ചമച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. അന്വേഷണസംഘം തെളിവുകള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നു. പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാന്‍ അന്വേഷണസംഘം സാഹചര്യമൊരുക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ പറയുന്നു. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജി കൂടി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചേര്‍ത്തല സ്വദേശി മുരളീധരനാണ് ഹര്‍ജി നല്‍കിയത്.